Connect with us

Uncategorized

എ.കെ.ശശീന്ദ്രൻ വീണ്ടും മത്സരിക്കും. കുട്ടനാട്ടിൽ തോമസ് കെ. തോമസും മലപ്പുറത്ത് കെ.ടി.മുജീബും

Published

on

കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട്ടിൽ തോമസ് കെ. തോമസും മലപ്പുറത്ത് കെ.ടി.മുജീബും മത്സരിക്കും. പാർട്ടിയ ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.

തുടർച്ചയായ നാലാം തവണയാണ് ശശീന്ദ്രൻ എലത്തൂരിൽ നിന്നും ജനവിധി തേടുന്നത്. 2011ൽ 14651, 2016-ൽ 29057, 2021 ൽ 38502 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു. ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ്. കൺവീനറുമായ മുക്കം മുഹമ്മദിനെയാണ് അവർ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത്. ഇതോടെയാണ് ഇത്തവണ മാറി നിൽക്കണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാൽ എലത്തൂരിൽ താൻ തന്നെയെന്ന നിലപാടിലായിരുന്നു ആദ്യം മുതൽക്കു തന്നെ ശശീന്ദ്രൻ. ഇതിൽ പ്രാദേശിക നേതൃത്വത്തിന് തന്നെ എതിർപ്പുണ്ടായിരുന്നു. ശശീന്ദ്രനെതിരെ പ്രമേയവും പാസാക്കിയിരുന്നു.

ശശീന്ദ്രൻ ഇത്തവണ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്ന് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് കോഴിക്കോട് ടൗൺഹാളിൽ നടന്ന എൻസിപി കോഴിക്കോട് ജില്ല പ്രവർത്തക കൺവെനിലും ശശീന്ദ്രനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മുദ്രാവാക്യവും വിളിച്ചിരുന്നു. ഇതിനിടെയാണ് ശശീന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പട്ടിക വന്നിരിക്കുന്നത്. ശശീന്ദ്രനുമായി സഹകരിക്കേണ്ടതുണ്ടോ എന്ന് വൈകീട്ട് ആലോചിക്കുമെന്നാണ് മുക്കം മുഹമ്മദ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം കൊയ്ത മണ്ഡലത്തിൽ ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള തന്ത്രം അണിയറിയിൽ ഒരുങ്ങുമ്പോൾ ശശീന്ദ്രനെതിരെയുള്ള പ്രാദേശിക വികാരം പരമാവധി മുതലാക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

Continue Reading