Uncategorized
കണ്ണൂർ ഇരിക്കൂറിലെ കുഞ്ഞാമിന വധക്കേസ് പ്രതികളായ സ്ത്രീകൾ 10 വർഷത്തിന് ശേഷം പിടിയിൽ.
കണ്ണൂർ: കണ്ണൂർ:ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ സ്ത്രീകൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് പിടിയിൽ. 2016 ഏപ്രിൽ 30ന് ഇരിക്കൂർ സിദ്ദീഖ് നഗറിലെ മെരടൻ കുഞ്ഞാമിനയെ (60) ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതികളായ ന്യൂഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ ആണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.
നേരത്തെ ഇവർ ഹൈദരാബാദ് സ്വദേശികളാണെന്നും സൗമ്യ രംഗാവാല കുസായി ഗുഡാ,ഹൈദരാബാദ്, സമീറ രംഗാവാല ഹൈദരാബാദ് എന്ന വ്യാജ പേരുകളിൽ ആണ് അറിയപ്പെട്ടത്.
2016ൽ പ്രതികൾ വസ്ത്ര വ്യാപാരികളെന്ന് പറഞ്ഞു കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും അവരുമായി സൗഹൃദത്തിൽ ആവുകയും 2016 ഏപ്രിൽ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
മരിച്ചെന്നുറപ്പാക്കി കുഞ്ഞാമിനയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന ഒരു വളയും പണവും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ആന്ധ്രാ പ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റ കൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നു ജാമ്യത്തിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു. ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ സർവവിധ മുൻ കരുതലുകളും നടത്തിയിരുന്നു. പ്രതികൾ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്തത്. സംഭവത്തിന് മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി.
ഫോണിന്റെ സിംകാർഡുകൾ സംഘടിപ്പിച്ചതു കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ്. പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.
തെലുങ്കു, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 7 ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കാസറഗോഡ് വയനാട്, മലപ്പുറം പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10 വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഡിവൈഎസ്പി സുധീർ കല്ലൻ, കണ്ണൂർ റൂറൽ ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ
അബ്ദുൽ റഹൂഫ് എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതികളെ മദ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
.
