Connect with us

KERALA

കർഷക നയത്തിനെതിരെ കർഷക സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണം: മന്ത്രി സുനിൽകുമാർ

Published

on

കർഷകരെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സ്വാമിനാഥൻ കമ്മീഷനെ കുറിച്ച് സർക്കാരിപ്പോൾ ഒരക്ഷരവും പറയുന്നില്ല.

തൃശൂർ: കേന്ദ്ര സർക്കാരിന്റെ കർഷക നയത്തിനെതിരെ കേരളത്തിലെ കർഷക സമൂഹവും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകർ ഒന്നടങ്കം സർക്കാർ കൊണ്ടുവന്ന ബില്ലുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മോദി സർക്കാർ കർഷകരെ കുരുതി കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സഹകരണ പ്രസ്ഥാനങ്ങളിലൂടെ കുത്തകകളെ ചെറുക്കാനുള്ള ബദൽ സംവിധാനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വിവാദമായ ബില്ലുകൾ കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കൃഷിക്കാർ പട്ടിണിയിലാണ്. ലക്ഷകണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കയറ്റുമതി നയത്തിന്റെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിന്റെ അടുത്ത തലമുറ പരിഷ്കരണത്തിലേക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ സർക്കാരിപ്പോൾ കടന്നുവരികയാണ്. ഇതുവഴി അവശേഷിക്കുന്ന നമ്മുടെ കാർഷിക മേഖലയിലെ സംരക്ഷണവും ഇല്ലാതാകും.

കർഷകരെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സ്വാമിനാഥൻ കമ്മീഷനെ കുറിച്ച് സർക്കാരിപ്പോൾ ഒരക്ഷരവും പറയുന്നില്ല. കർഷകരെ സംരക്ഷിക്കാനാണ് ഈ ബില്ലുകളെങ്കിൽ അത്തരം റിപ്പോർട്ടുകളിൽ പറഞ്ഞ നിയമനിർമാണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

Continue Reading