Crime
കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ ക്ക് അനൂകൂല നടപടിയുമായി കോടതി. ദത്ത് നടപടികൾക്ക് ഇടക്കാല സ്റ്റേ
തിരുവനന്തപുരം :കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ്.ചന്ദ്രന് അനൂകൂല നടപടിയുമായി കോടതി. വഞ്ചിയൂർ കുടുംബക്കോടതിയാണ് ദത്ത് നടപടികൾക്ക് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. കേസിൽ തുടർനടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പൊലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. ഇതോടെ കുഞ്ഞിനെ അനുപമക്ക് തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു.
കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം സർക്കാരിനുവേണ്ടി ഗവ.പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും വിഷയത്തിൽ സർക്കാർ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും അറിയിച്ചു. അന്വേഷണം പൂർത്തിയാകുംവരെ ദത്തെടുക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി വിധി. ദത്ത് നടപടികളിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അനുപമയും കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു.
കോടതിയുടെ തീരുമാനത്തിൽ ദത്തെടുത്ത ദമ്പതികൾക്കോ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിക്കോ (കാര) മേൽക്കോടതിയിൽ എതിർപ്പ് ഉന്നയിക്കാം. കേന്ദ്ര വനിതാ–ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള ‘കാര’യാണ് ഇന്ത്യയിലെ ദത്തു നൽകൽ നോഡൽ ഏജൻസി. ശിശുക്ഷേമസമിതി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതു ‘കാര’യുടെ മേൽനോട്ടത്തിലാണ്.
