NATIONAL
ഗോവയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

പനജി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലിരിക്കെ ഗോവയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ ഇന്നലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ.വരദ് മർഗോൽക്കർ തുടങ്ങിയ നേതാക്കൾ ഗജാനൻ ടിൽവേയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കൂടാതെ സങ്കേത് പർസേക്കർ, വിനയ് വൈംഗങ്കർ, ഓം ചോദങ്കർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ ബി.ജെ.പി നേതാക്കളും കോൺഗ്രസിൽ ചേർന്നു.ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോ കഴിഞ്ഞ ദിവസം പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി ഇന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.ബിജെപിയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎൽഎയാണ് ലോബോ. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി.
സലിഗാവോ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി കേദാർ നായികിന്റെ പ്രചാരണത്തിന് ലോബോ ഞായറാഴ്ച പരസ്യമായി എത്തുകയും ചെയ്തു. സ്വതന്ത്ര എം.എൽ.എ പ്രസാദ് ഗോൺകറും ഞായറാഴ്ച കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. സാംഗും മണ്ഡലത്തിലെ എം.എൽ.എയാണ് അദ്ദേഹം.