KERALA
സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി ഇ ശ്രീധരൻ

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും ജനപ്രതിനിധികളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് മെട്രോമാന്‍റെ നീക്കം. പൊന്നാനിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു ബദല്‍ പദ്ധതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതി നടപ്പിലാക്കും. ഇതിലൂടെ രണ്ടുലക്ഷത്തോളം പേരെ ട്രെയിന്‍ യാത്രക്കാരാക്കി മാറ്റാന്‍ കഴിയും. തുടര്‍ന്ന് ദീര്‍ഘകാല പദ്ധതി നടപ്പാക്കും. നിലവിലെ ഓപ്പറേഷന്‍ രീതി, സിഗ്‌നലിംഗ് സംവിധാനം തുടങ്ങിയവ മാറ്റുക എന്നിവയാണ് ഇതില്‍ പ്രധാനം. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതിനെക്കാള്‍ കുറഞ്ഞ സമയവും ചെലവും മതിയാവും എന്നും അദ്ദേഹ പറഞ്ഞു.