Crime
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു, നാല് ജീപ്പുകളും രണ്ട് വാനും നശിപ്പിച്ചു, 25 പൊലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ തുറമുഖ വിരുദ്ധസമര സമിതി പ്രവർത്തകർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി എന്നിവരടക്കം അവിടെ ഉണ്ടായിരുന്ന രണ്ട് വനിതകളടക്കം 25 പൊലീസുകാരെയും ക്രൂരമായി അക്രമിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്.ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റു.
വൈകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. ഇവരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തയ്യാറായില്ല. രാത്രി ഒൻപതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു. സംഘർഷാവസ്ഥ തുടരുകയാണ്.
സമരത്തിൽ ആക്രമണം നടത്തിയ കുറ്റത്തിന് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം പൊടുന്നനെ ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം അടിച്ചു തകർത്ത് പുറത്തേക്ക് എറിഞ്ഞു. ജില്ലാ കലക്ടർ, കമ്മീഷണർ ഉൾപ്പെടെ പോലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്.
