KERALA
കൊല്ലത്തെ യുവതിയുടെ മരണം: പരിചയപ്പെട്ടത് കൊല്ലം ബീച്ചില്‍വച്ച്; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചു’
കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂര്‍ണ നഗ്‌നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയില്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. 24 വയസ്സുകാരനെയാണ് പൊലീസ് പിടികൂടിയത്.
29ന് ബീച്ചില്‍ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.
ഇയാളെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31ന് കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നു പറഞ്ഞു. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പൊലീസിനെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.
തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പൊലീസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്‍കിയ കുണ്ടറ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. ഇന്നു രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലീസിനു മൊഴി നല്‍കിയത്.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
