NATIONAL
ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് മന്ദഗതിയിലാണ് നടക്കുന്നത്

ന്യൂഡൽഹി: ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.അറുപത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മന്ദഗതിയിലാണ് പോളിംഗ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
22 വനിതകളുൾപ്പെടെ 259 സ്ഥാനാർത്ഥികളുടെ വിധിയാണ് ഇന്ന് നിർണയിക്കുന്നത്. 28.13 ലക്ഷം വോട്ടർമാരാണുള്ളത്. ഭരണകക്ഷിയായ ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. ബി.ജെ.പിയുടെ 55 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.സഖ്യകക്ഷിയായ ഐ.പി.എഫ്.ടി അഞ്ച് സീറ്റിൽ മത്സരിക്കുന്നു. സി.പി.എം 43 സീറ്റിലും കോൺഗ്രസ് 13 എണ്ണത്തിലും മത്സരിക്കുമ്പോൾ ഒരു സ്വതന്ത്രനുൾപ്പടെ 4 സീറ്റുകളിൽ ഇടത് സംഘടനകളാണ് പോരിനിറങ്ങുന്നത്. തിപ്രമോത പാർട്ടി 42 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് 28 എണ്ണത്തിലും മത്സരിക്കുന്നുണ്ട്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 25,000 കേന്ദ്ര സുരക്ഷ സേനാംഗങ്ങളെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് നോഡൽ ഓഫീസർ ജി.എസ് റാവു പറഞ്ഞു. സംസ്ഥാന പൊലീസ് സേനയുടെ 30,000 പേരും ക്രമസമാധാന പാലനത്തിനായി രംഗത്തുണ്ട്. കനത്ത സുരക്ഷയ്ക്കിടയിലും ബിശാൽഘട്ടിലും ബെലോനിയയിലും ഇന്നലെ രാത്രി സംഘർഷം ഉണ്ടായി.