NATIONAL
മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങള്‍.സഖ്യത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരുള്ള എച്ച്.എസ്.പി.ഡി.പി പിന്‍മാറി

ഷില്ലോങ്:നിയമസഭാതിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉറപ്പാക്കാനാവാത്ത മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങള്‍. നിലവിലെ കാവല്‍ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി.) അധ്യക്ഷനുമായ കോണ്‍റാഡ് സങ്മ, ഗവര്‍ണര്‍ ഫഗു ചൗഹാനെക്കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ചതിന് പിന്നാലെ സഖ്യത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.എസ്.പി.ഡി.പി)പിന്‍മാറി
സാങ്മയ്ക്ക് പിന്തുണ നല്‍കിയിട്ടില്ലെന്നും അതിന് എംഎല്‍എമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേതൃത്വം പ്രസ്താവന ഇറക്കി. എച്ച്.എസ്.പി.ഡി.പിയുടെ രണ്ട് എംഎല്‍എമാരുടേതടക്കം സര്‍ക്കാര്‍ രൂപീകരണത്തിന് 32 പിന്തുണയുണ്ടെന്നാണ് കഴിഞ്ഞ ദിവസം കോണ്‍റാഡ് സങ്മ ഗവര്‍ണറെ കണ്ട് അറിയിച്ചത്.
60-അംഗ മേഘാലയ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 31 അംഗങ്ങളുടെ ഭൂരിപക്ഷമാണ് വേണ്ടത്. 26 സീറ്റുകള്‍ നേടിയ കോണ്‍റാഡ് സങ്മയുടെ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ എന്‍പിപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ സഖ്യം പുനഃസ്ഥാപിക്കുകയായിരുന്നു.
ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. എച്ച്.എസ്.പി.ഡി.പിയുടെ പിന്‍മാറ്റം ഈ നീക്കത്തെ തുടര്‍ന്നാണെന്നാണ് കരുതുന്നത്. അഞ്ചു സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. തൃണമൂല്‍ നേതാവ് മുകുള്‍ സാങ്മ പതിനൊന്ന് സീറ്റുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ യുഡിപിയുമായും മറ്റു ചെറുപാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനും അഞ്ച് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി-എന്‍പിപി ഇതര സര്‍ക്കാര്‍ രൂപീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുകുള്‍ സാങ്മ പറഞ്ഞു. ഇതിനായി അക്കങ്ങള്‍ തികഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.