Connect with us

Crime

ട്രെയിനിലെ അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ കയറി; തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിവരങ്ങൾ തേടുന്നു

Published

on

കോഴിക്കോട്: ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിക്കായി തെരച്ചിൽ ഊർജിതം. ചുവന്ന ഷർട്ട് ഇട്ട് തൊപ്പിവച്ച ആളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മറ്റൊരാളുടെ ബൈക്കിന് പിന്നിൽ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബൈക്ക് കൈ കാണിക്കാതെ തന്നെ നിർത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അക്രമിയുടേതാണെന്ന് സംശയിക്കുന്ന ബാഗ് ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്‌തുക്കൾ ബാഗിലുണ്ടോയെന്ന് സംശയമുള്ള സാഹചര്യത്തിൽ ബോംബ് സ്‌ക്വാഡ‌് പരിശോധന നടത്തുകയാണ്.. ഇതിൽ നിന്ന് മൊബൈൽ ഫോൺ , പെട്രോൾ കുപ്പികൾ, ഭക്ഷണ വസ്തുക്കൾ, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പ് എന്നിവ ലഭിച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആസൂത്രിത ആക്രമണമാണെന്നാണ് നിഗമനം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉൾപ്പടെ വിവരശേഖരണം തുടങ്ങി.

ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിൽ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാർക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.അതേസമയം പാളത്തിന് സമീപം കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മട്ടന്നൂർ സ്വദേശി നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ എന്നിവരാണ് മരിച്ചത്. ഇവർ രക്ഷപ്പെടാൻ വേണ്ടി ഓടുന്ന ട്രെയിനിൽ നിന്ന് ചാടുകയായിരുന്നുവെന്നാണ് സൂചന. പൊള്ളലേറ്റ എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

Continue Reading