KERALA
ശക്തിധരന്‍ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. പറഞ്ഞു.തനിക്കെതിരായ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു
കണ്ണൂര്‍: കൈതോലപ്പായയില്‍ കോടികള്‍ കടത്തിയതിനെപ്പറ്റി ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ശക്തിധരന്‍ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവ് സഹിതമാണ് അദ്ദേഹം വിഷയം ഉന്നയിക്കുന്നതെന്നും ശക്തിധരന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇവിടുത്തെ പോലീസ് തയ്യാറാകുമോ എന്നും സുധാകരന്‍ ചോദിച്ചു.
ഒരു പയ്യനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിപ്പിച്ച 10 ലക്ഷം രൂപയുടെ കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. 1500 കോടി രൂപയുടെ എസ്റ്റേറ്റ് സ്വന്തമാക്കിയെന്ന് സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ ആരോപണം നിലവിലുണ്ട്. ഈ ആരോപണങ്ങളെല്ലാം എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ഈ അന്വേഷങ്ങളോടെല്ലാം മുഖം തിരിക്കുന്ന വ്യക്തികള്‍ മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങള്‍ എടുത്തുവച്ച് കള്ളസാക്ഷികളെ വച്ചുകൊണ്ട് ഓരോന്നു ചെയ്യുന്നവനരായി സംസ്ഥാനത്തെ ഭരണസംവിധാനം തരംതാഴ്ന്നിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത് ബാബു ലോക കള്ളനാണ്. ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. തന്നെ പറ്റിച്ച് സി.പി.എമ്മിന് വധിക്കാന്‍ ഒറ്റുകൊടുത്ത വ്യക്തിയാണ് പ്രശാന്ത് ബാബു. ബാങ്കില്‍ നിന്നും 35 ലക്ഷം രൂപ അടിച്ചുമാറ്റിയതിന് ഇയാളെ പിരിച്ചുവിട്ടതാണെന്നും സുധാകരൻ പറഞ്ഞു.തനിക്കെതിരായ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു. സി.ബി.ഐ അന്വേഷിക്കണമെങ്കില്‍ അവരും അന്വേഷിക്കട്ടെ. എല്ലാ കാര്യങ്ങളിലും കൃത്യമായ കണക്കുകളുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
