KERALA
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കു സാദ്ധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ ഇടുക്കി,കണ്ണൂർ ജില്ലകളിലും റെഡ് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂർ എന്നി ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. കേരളം കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക.സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ!ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
