Connect with us

Education

സ്പീക്കർ എ.എൻ. ഷംസീറിനെ വേദിയിലിരുത്തി ജസ്റ്റിസ് മാർക്കണ്ടേയ കട്ജു സർക്കാറിനെ കുടഞ്ഞു.വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു

Published

on

മലപ്പുറം : മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനെ കുറ്റപ്പെടുത്തി സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജുവിന്റെ രൂക്ഷ വിമർശനം. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയത്തിളക്കം’ ചടങ്ങിലായിരുന്നു കട്‌ജുവിന്റെ പ്രതികരണം.സ്പീക്കർ എ.എൻ. ഷംസീറിനെ വേദിയിലിരുത്തിയാണ് കട്ജു സർക്കാറിനെ കുടഞ്ഞത്.

‘‘കുട്ടികൾക്കു പഠിക്കാനുള്ള അവസരമൊരുക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ എന്താണു ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം. വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്നും കട്ജു പറഞ്ഞു.

പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർഥികളാണ് മലബാർ മേഖലയിൽ പുറത്തുനിൽക്കുന്നത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള് കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു..

സീറ്റുക്ഷാമം ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരിൽ 34,183 പേർക്കേ ഇതുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ളൂ. 46,839 പേർ പുറത്തുനിൽക്കുന്നു. മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ ഉൾപ്പെടെയാണിത്. അലോട്മെന്റിനായി ഇനി ബാക്കിയുള്ളത് 13,438 സംവരണ സീറ്റുകളാണ്.

Continue Reading