NATIONAL
സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും റായ്ബറേലിയിൽ പ്രിയങ്ക കളത്തിലിറങ്ങും
ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നേതൃത്വത്തിന് മുന്നിൽ ഇത്തരമൊരു കാര്യം അവതരിപ്പിച്ചത്.സോണിയ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽനിന്ന് പ്രിയങ്കയെ മത്സരിപ്പിക്കാനാണ് നീക്കം.
കോൺഗ്രസ് പ്രതിനിധികളായ ജി.സി.ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, ഡോ. എൽ.ഹനുമന്തയ്യ എന്നിവരുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും രാജ്യസഭയിലെ കാലാവധി അടുത്ത വർഷം ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. കർണ്ണാടക ഭരിക്കുന്ന കോൺഗ്രസിന് കണക്കുപ്രകാരം ഇവിടെനിന്ന് നാലിൽ മൂന്ന് പേരെ ഇനിയും അനായാസം ജയിപ്പിച്ചെടുക്കാം.
കാലാവധി അവസാനിക്കുന്ന സയ്യിദ് നസീർ ഹുസൈന് മല്ലികാർജുൻ ഖർഗെയുടെ വിശ്വസ്തനെന്ന നിലയിൽ ഒരു തവണ കൂടി അവസരം ലഭിക്കാനാണ് സാധ്യത. കോൺഗ്രസിന്റെ സമൂഹ മാധ്യമ അധ്യക്ഷയായ സുപ്രിയ ശ്രീനാട്ടെയ്ക്കും ഇത്തവണ പാർട്ടി സീറ്റ് നൽകുമെന്നാണ് വിവരം. ഇവർക്കൊപ്പമാകും സോണിയയും കളത്തിൽ ഇറങ്ങുക. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മൂവരുടെയും വിജയം സുനിശ്ചിതമാണ്.
പ്രതിപക്ഷ നേതൃ യോഗത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എത്തിയ സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവർ ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചനകളാണ് കോൺ ഗ്രസ് നേതൃത്വത്തിൽ നിന്ന്. പുറത്തുവരുന്നത്.
അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി നിലവിൽ റായ്ബറേലിയിൽ നിന്നുള്ള എംപിയാണ്. നാലു തവണ റായ്ബറേലിയിലും ഒരു തവണ അമേഠിയിലുമാണ് സോണിയ മത്സരിച്ചത്. ഇതുവരെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്ന ചരിത്രവുമുണ്ട്.
