Connect with us

KERALA

ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമിക്കണമെന്ന്  ഇ.െക.നായനാരുടെ മകൻ

Published

on

ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമിക്കണമെന്ന്  ഇ.െക.നായനാരുടെ മകൻ

കോട്ടയം :∙ ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ.കെ.നായനാരുടെ മകൻ കൃഷ്ണകുമാർ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.. ജനങ്ങളോട് നേതാക്കൾ പുലർത്തുന്ന ബന്ധത്തിന് അവർ നൽകുന്ന പ്രതിഫലമാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചതുപോലുള്ള സ്നേഹം ഈ ജനങ്ങളെ ആരെങ്കിലും നിർബന്ധിച്ച് പറഞ്ഞയച്ചതല്ല. അവർ കടലുപോലെ ഒഴുകിവരുന്നതാണെന്ന് കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഒരു വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി സാറിന്റേത്. കുറേനേരെ ഉമ്മൻ ചാണ്ടി സാറിന്റെ അടുത്തിരുന്ന് എന്റെയും അമ്മയുടെയും കുടുംബാംഗങ്ങളുടെയും ആദരാഞ്ജലി അർപ്പിക്കാനാണ് ഞാൻ ഇവിടെ വന്നത്. ഉമ്മൻ ചാണ്ടി സാർ ആരായിരുന്നു എന്നത് കഴിഞ്ഞ 3–4 ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്ന കാര്യത്തിലുള്ള വളരെ വ്യക്തമായ സന്ദേശമാണ് ഉമ്മൻ ചാണ്ടി സാർ കേരളത്തിനു കൊടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടി സാർ ബാക്കിയാക്കി പോയത് പൂർത്തീകരിക്കുക എന്നത് വരുന്ന തലമുറയ്ക്കുള്ള വലിയൊരു ഉത്തരവാദിത്തമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

‘ഞങ്ങളുടെ കുടുംബവുമായ് അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛനുമൊത്ത് നിയമസഭയിൽ കുറേക്കാലം ഒരുമിച്ചുണ്ടായിരുന്നു. അതൊക്കെ വലിയ ഓർമകളാണ്. ആ ഓർമകളൊക്കെ ഇവിടെ പറയാൻ എനിക്കാവില്ല. കാരണം ടിവിയിൽ കണ്ടും പത്രത്തിൽ വായിച്ചുമുള്ള അറിവേ ഇതേക്കുറിച്ച് എനിക്കുമുള്ളൂ. അല്ലാതെ അച്ഛൻ വീട്ടിൽവന്ന് ഇതൊന്നും സംസാരിക്കാറില്ല.
ഞാൻ പലതവണ ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. ഒരുപാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. എന്നോടു മാത്രമല്ല, അദ്ദേഹത്തെ കാണാൻ വരുന്ന അവസാനത്തെ ആളെ വരെ കണ്ട് അവരുടെ കണ്ണീരൊപ്പുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ ഏറ്റവുമധികം ഉണ്ടായിരുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി സാർ.

19 വർഷം പിന്നിലോട്ടു നോക്കി മാൽ അച്ഛനും ഇതുപോലെ ഒരു വിലാപയാത്ര ഉണ്ടായിരുന്നു. ജനത്തോടുള്ള ബന്ധത്തിന് അവർ നൽകുന്ന പ്രതിഫലമാണ് ഈ സ്നേഹം. ഇതൊന്നും ആരെങ്കിലും നിർബന്ധിച്ച് പറഞ്ഞയയ്ക്കുന്നതല്ല. ജനം ഒരു കടലുപോലെ ഒഴുകി വരുന്നതാണ്. അത് ഉള്ളിന്റെ ഉള്ളിൽനിന്ന് വരുന്നതാണ്. അത് എത്ര പേർക്ക് കിട്ടുന്നു, എത്ര പേർക്ക് ജനം കൊടുക്കുന്നു എന്നത് അവരുടെ മനസ്സിലുള്ള കാര്യമാണ്. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടി സാറാകാൻ ശ്രമിക്കുക. അതാണ് എനിക്കു പറയാനുള്ളതെന്നും  നായനാരുടെ മകൻ പറഞ്ഞു.

Continue Reading