Connect with us

KERALA

കേരള ടോഡി എന്ന പേരില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യും റെസ്റ്റോറന്റുകളില്‍ വിനോദസഞ്ചാര സീസണില്‍  ബിയര്‍, വൈന്‍  വില്‍പനക്ക് അനുമതി

Published

on


തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ മദ്യനയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കാനാണ് കൂടുതല്‍ ഊന്നലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ക്ക് ഒരേ ഡിസൈന്‍ കൊണ്ടുവരും. കേരള ടോഡി എന്ന പേരില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളില്‍ വിനോദസഞ്ചാര സീസണില്‍ മാത്രം ബിയര്‍, വൈന്‍ എന്നിവ വില്‍പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും.

കേരളത്തില്‍ നിലവിൽ  559 വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ ഇതിൽ 309 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ക്ലാസിഫിക്കേഷന്‍ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് നിയമപരമായ തടസ്സം ഇല്ലെങ്കില്‍ അവര്‍ അപേക്ഷിച്ചിട്ടുമുണ്ടെങ്കില്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധന വരെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കും. ക്ലാസിഫിക്കേഷന്‍ കമ്മിറ്റി പരിശോധനയില്‍ അര്‍ഹതയില്ലെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

ഐ.ടി. പാര്‍ക്കുകളില്‍ വിദേശമദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന് സമാനമായ നിലയില്‍ വ്യവസായ പാര്‍ക്കുകളില്‍ നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം ലഭ്യമാക്കാന്‍ വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നടപ്പാക്കും. ഐ.ടി. പാര്‍ക്കുകള്‍ എന്നുള്ളത് വ്യവസായ പാര്‍ക്കുകള്‍ക്കും കൂടി ബാധകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ ലൈസന്‍സ് ഫീസ് മുപ്പതു ലക്ഷത്തില്‍നിന്ന് 35 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. സീമെന്‍, മറൈന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്കു വേണ്ടിയുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിന് വേണ്ടിയുള്ള ലൈസന്‍സ് ഫീസ് അന്‍പതിനായിരത്തില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യൂ.ആര്‍. കോഡ് പതിപ്പിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Continue Reading