KERALA
യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍ അതിനെതിരായ ഗുണ്ടാരാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്
കണ്ണൂര്‍: കര്‍ഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാല്‍ അത് തെറ്റാകുമോയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍ അതിനെതിരായ ഗുണ്ടാരാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്. കര്‍ഷകര്‍ അവരുടെ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ട് അതുവഴി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും സുധാകരന്‍ ഓർമ്മിപ്പിച്ചു.
കര്‍ഷകര്‍ക്ക് കോടികള്‍ നല്‍കാന്‍ ബാക്കിയുണ്ട്. സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് പറയുന്നതല്ലാതെ നല്‍കുന്നില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍വെച്ചുതന്നെ ജയസൂര്യ കര്‍ഷകരെക്കുറിച്ച് പറഞ്ഞത് അത് അവര്‍ ഉള്‍ക്കൊണ്ട് തിരുത്താനാണ്. അതിനുപകരം വിമര്‍ശനമല്ല വേണ്ടത്. ജയസൂര്യക്കെതിരേ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം അത്രമേല്‍ ഭീകരമാണ്. ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു
ഒരുഭാഗത്ത് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ദുര്‍വ്യയത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു. ഹെലിക്കോപ്ടറില്‍ യാത്ര ചെയ്യാന്‍ പ്രതിമാസം 80 ലക്ഷം രൂപയാണ് നീക്കിവെക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കി. നാന്നൂറോളം പോലീസുകാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നില്‍ക്കാന്‍ പോവുന്നു. രണ്ടുലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന നൂറിലേറെ ആളുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന് റെയിലിന്റെ ഓരോ കിലോമീറ്റര്‍ പരിധിയിലും രണ്ടുപോലീസുകാരെ രണ്ട് വശങ്ങളിലായി കാവല്‍ നിര്‍ത്തുന്നു. യാത്ര ചെയ്യുന്ന ട്രെയിനിന് പോലീസിന്റെ സംരക്ഷണമെന്തിനാണ്? മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.
