KERALA
ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.

ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദേവെഗൗഡ
ഇക്കാര്യംപറഞ്ഞത്. ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് അനുകൂലമാണ്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് ബിജെപിക്കൊപ്പം പോകാനുള്ള സാഹചര്യം ഇവർക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അവർ പിന്തുണയ്ക്കുന്നത്. പാർട്ടിയെ രക്ഷിക്കാനാണ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടുവെന്നും ദേവെഗൗഡ പറഞ്ഞു.
എന്നാൽ, ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദൾ കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഈ മാസമാദ്യം ബെംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു. പാർട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എൽഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചിരുന്നു. ബിജെപി സഖ്യത്തിലുള്ള പാർട്ടി കേരളത്തിൽ എൽഡിഎഫിൽ തുടരുന്നതു പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട് സിപിഎം ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി കൈ കോർത്തതെന്ന് ദേവെഗൗഡ വെളിപ്പെടുത്തിയത്.
സഖ്യത്തിനെതിരെ തിരിഞ്ഞ സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം താൽക്കാലിക പ്രസിഡന്റായി നിയമസഭാ കക്ഷി നേതാവ് കുമാര സ്വാമിയെ നിയോഗിച്ചു. ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര നിർവാഹകസമിതി പാർട്ടി സംസ്ഥാന സമിതിയും പിരിച്ചുവിട്ടു. തനിക്കൊപ്പമുള്ളവരാണ് യഥാർഥ ദൾ എന്ന് അനുയായികളുടെ യോഗത്തിൽ ഇബ്രാഹിം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. പാർട്ടി എംഎൽഎമാർ, എംഎൽസിമാർ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ നിർവാഹക സമിതിയിൽ പങ്കെടുത്തതായി ദേവെഗൗഡ അവകാശപ്പെട്ടു.
കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് ജനതാദളിനെ പുനര്‍ചിന്തനത്തിലേക്ക് നയിച്ചത്. ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം വേണമെന്നായിരുന്നു ജെഡി(എസ്)ന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയതോടെ, ഒറ്റയ്ക്ക് മത്സരിച്ച് നിലംപരിശായ ജനതദള്‍, പിടിച്ചു നില്‍ക്കാന്‍ മറ്റു മാര്‍ഗമില്ലാതെ ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപിയാകട്ടെ എങ്ങനെ കരകയറാം എന്നു നോക്കി തന്നെയാണ് ദളിനെ കൂട്ടുപിടിച്ചതും.. നിയമസഭയിലേക്ക് സീറ്റുകള്‍ നഷ്ടമായെങ്കിലും വോട്ടു ശതമാനം കുറയാത്ത ബിജെപിക്ക്, ദളിനെ കൂടെ കൂട്ടിയാല്‍ ലോക്‌സഭയിലേക്ക് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാം എന്നാണ് കണക്കുകൂട്ടല്‍.