KERALA
ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും മാണ്
തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിസിയുടെ നിയമനത്തിൽ മന്ത്രി ഇടപെട്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നടപടി.
മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. കേരള നിയമസഭ പാസാക്കിയ നിയമനത്തിൽ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് സുപ്രീംകോടതി പറഞ്ഞതിനു പിന്നാലെ തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
