Connect with us

KERALA

കേരളത്തിലെ മുഴുവന്‍ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

Published

on

പത്തനംതിട്ട: കേരളത്തിലെ മുഴുവന്‍ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്. കുറച്ചാളുകളുടെ മുഖ്യമന്ത്രിയായി മാത്രമിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കില്‍ അപകടം വിളിച്ചുവരുത്തും. പുത്തന്‍കുരിശിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ആശങ്കയ്ക്കു വക നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കോട്ടയത്തു മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തിയും അദ്ദേഹം ആവര്‍ത്തിച്ചു. മാര്‍ത്തോമ്മന്‍ പൈതൃക സംഗമം തെക്കന്‍ മേഖലാ ദീപശിഖാ പ്രയാണത്തിനുള്ള തുമ്പമണ്‍ ഭദ്രാസനതല സ്വീകരണ സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ചില പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണോ എന്ന തോന്നലുണ്ടാക്കുന്നു. സുപ്രീം കോടതി വിധി മാനിച്ചു മുന്നോട്ടു പോകുമെന്നു പറയാനാണ് ഭരണകര്‍ത്താക്കള്‍ക്ക് ആര്‍ജവം ഉണ്ടാകേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ പുതിയ നിയമം കൊണ്ടുവരുമെന്നു പറയുന്നത് രാജ്യത്തിന്റെ വ്യവസ്ഥാപിത ഭരണഘടനയെയും നിയമവ്യവസ്ഥയെയും നിന്ദിക്കുന്നതിനു തുല്യമാണ്. നിയമ നിര്‍മാണത്തിലൂടെ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി സ്വന്തം കസേര ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കാത്തവര്‍ എന്തു നിയമം കൊണ്ടുവന്നാലും വിലപ്പോകില്ല. സമുദായാംഗങ്ങളെ വിഘടിപ്പിച്ചു നിര്‍ത്തി വോട്ടുനേടാനാണ് രാഷ്ട്രീയ കക്ഷികളെല്ലാം ശ്രമിക്കുന്നത്. എന്നാല്‍ സമുദായത്തെ തകര്‍ക്കാനുള്ള നീക്കമുണ്ടായാല്‍ അതിനുള്ള തിരിച്ചടി നല്‍കാന്‍ നിര്‍ബന്ധിതരാകും. സ്‌നേഹം നടിച്ചു മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാരെയല്ല, മറിച്ചു നീതിന്യായ വ്യവസ്ഥ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണു നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് കോട്ടയത്തു നടത്തിയ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബന്ധപ്പെട്ടിരുന്നെന്ന് ആശംസാ പ്രസംഗത്തില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ ആശങ്ക എം.വി. ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്. നിയമനിര്‍മാണം സംബന്ധിച്ച് ഒരു കാര്യവും പാര്‍ട്ടിയോ സര്‍ക്കാരോ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും ഉദയഭാനു പറഞ്ഞു

Continue Reading