KERALA
ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നു എം.വി ഗോവിന്ദൻ.കമ്മ്യൂണിസ്റ്റ് വിരോധമാണ് ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ

തിരുവനന്തപുരം: ഇ.പി. ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്പ് നേരിൽ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുൾപ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരിൽ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോൾ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ കുട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് വിരോധമാണ് ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ. ഇത്തരം തെറ്റായ നിലപാടുകളേയും സമീപനങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. അങ്ങനെ സ്വീകരിക്കുന്നതിന് ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകതന്നെ വേണമെന്നാണ് സെക്രട്ടേറിയറ്റിന്‍റെ നിലപാട്. നന്ദകുമാറുമായുള്ള ബന്ധം ഉൾപ്പെടെ നേരത്തെ തന്നെ അവസാനിപ്പിച്ചിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നതായും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പ് ദിവസം ജയരാജൻ നടത്തിയ പ്രതികരണം പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ദോഷംചെയ്യില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ചോദ്യം ചോദിച്ചു കൊണ്ടിരിക്കെ ഉള്ളകാര്യം വസ്തുതാപരമായി ഇ.പി. ജയരാജൻ പറയുകയായിരുന്നു. സത്യസന്ധമായി ജയരാജൻ കാര്യങ്ങൾ പറഞ്ഞു. ഇത് പാർട്ടിക്ക് ഒരു ദോഷവും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജാവഡേക്കറെ ഇ.പി. കണ്ടത് തെറ്റായി എന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാൽ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്. സാമൂഹിക ജീവിതത്തിലെ സാംസ്കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോകും എന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാൽ എന്താണ് പ്രശ്നം. അവരോട് മിണ്ടാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല. ചർച്ചയ്ക്ക് പോകുമ്പോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തിൽ കർശന നിലപാട് സ്വീകരിക്കാൻ സാധിക്കും, എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടി സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് അതൃപ്തി ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ജൂനിയറോ സീനിയറോ എന്ന് നോക്കിയിട്ടല്ല പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നതെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി.
തിരഞ്ഞെടുപ്പിൽ വടകരയിൽ ഉൾപ്പെടെ കോൺഗ്രസ് അടക്കമുള്ളവർ വർഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചു. പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ തിരക്കുപിടിച്ച് ഉണ്ടാക്കിയത് വർഗീയ ധ്രുവീകരണത്തിനായാണ്. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിതന്നെ വർഗീയ പ്രചാരണവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വർഗീയശക്തികൾക്കെതിരേ ജാഗ്രത വേണം. ഇത്തരം ശ്രമങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നു കാണിക്കണം. പാലക്കാട്ട് ബിജെപിയെ സഹായിക്കാൻ വടകരയിൽ ബിജെപിയുമായി ഷാഫി പറമ്പിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.