NATIONAL
ബിജെപിയുമായി വിലപേശൽ ആരംഭിച്ച് സഖ്യകക്ഷികള്‍.സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും സഹമന്ത്രിസ്ഥാനവും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപിയുമായി വിലപേശൽ ആരംഭിച്ച് സഖ്യകക്ഷികള്‍. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന എന്‍.ഡി.എ. യോഗത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് കക്ഷികളുടെ നീക്കം.
സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരുസഹമന്ത്രിസ്ഥാനവും ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൃഷി, ജല്‍ശക്തി, ഐ.ടി. വകുപ്പുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കും. അതേസമയം, അഞ്ചുമുതല്‍ ആറുവരെ വകുപ്പുകളും ടി.ഡി.പി. ആവശ്യപ്പെടുന്നുണ്ടെന്ന് സൂചനയുണ്ട്.എന്‍.ഡി.എ. യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിജയവാഡയില്‍നിന്ന് തിരിക്കുംമുമ്പ് നായിഡു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളും ഇത്തരത്തിലുള്ള സൂചനകളാണ് നൽകുന്നത്. രാഷ്ട്രീയത്തില്‍ താന്‍ വളരെ പരിചയസമ്പന്നനാണെന്നും രാജ്യത്ത് പല രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയും എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പസ്വാനും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കുമാരസ്വാമിയുടെ ജെ.ഡി.എസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.