KERALA
അർജുൻ കണ്ണീരോർമ്മയായ്സംസ്കാര ചടങ്ങുകൾക്ക് ജനസാഗരം സാക്ഷിയായ്

കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിയാക്കി അര്‍ജുൻ മടങ്ങി. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹംകണ്ണാടിക്കലെ വീട്ട് പറമ്പിൽ സംസ്കരിച്ചു
ശനിയാഴ്ച രാവിലെ 11.15-ഓടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, കാർവാർ എം.എൽ.എ സതീഷ് സെയിൽ, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മൽപെ, എം.പി.മാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്,
കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ജൂലായ് 16-നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71- ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
അര്‍ജുന്റെ മകനെ കൊണ്ടുവന്ന് ചിതയ്ക്ക് വലംവെപ്പിച്ചു. മറ്റ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ചിതയ്ക്ക് തീ കൊളുത്തും മുമ്പ് അമ്മ കൃഷ്ണപ്രിയയുടെ ഒക്കത്തിരുന്ന് മകന്‍ ഒരിക്കല്‍ക്കൂടി അര്‍ജുനെ അവസാനമായി കണ്ടു. അര്‍ജുന്റെ ഭാര്യ, സഹോദരിമാര്‍, സഹോദരീഭര്‍ത്താവ് ജിതിന്‍ തുടങ്ങിയവരെല്ലാം ചിതയ്ക്ക് അരികില്‍ ഉണ്ടായിരുന്നു.