KERALA
16 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായ് സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ കാലവർഷം എത്തി. കഴിഞ്ഞ 16 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് നേരത്തെ കാലവർഷമെത്തുന്നത്. ഇതോടെ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. ശക്തമായ കാറ്റിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു. തിരുവന്തപുരത്ത് മണിക്കൂറിൽ 59 കിലോമീറ്റർ വേഗതയിലുളള കാറ്റാണ് ഇന്നലെ രാത്രി വീശിയത്.
തലസ്ഥാനത്ത് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം
കോട്ടയത്ത് മരം കടപുഴകി വീണ് വെളളാനി ഗവ. എൽ പി സ്‌കൂളിന്റെ മേൽക്കൂര തകർന്നു. കൊല്ലം പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിൽ മരം വീണു. കോഴിക്കോട് കൊടിയത്തൂരിലും ചെറുവാടിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അട്ടപ്പാടിയിൽ കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും 33 കെവി ലൈനിൽ മരം വീണതാണ് കാരണം. ഇന്നലെ വൈകുന്നേരം ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ മരം വീണ് നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്.
അതേസമയം, തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായിട്ടുണ്ട്. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപൻ എന്നിവരെയാണ് കാണാതായത്. കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം. വഞ്ചിയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ കാറ്റും മഴയും കാരണമാണ് വഞ്ചി മറിഞ്ഞതെന്നാണ് വിവരം. കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.
