KERALA
വി എസ് വിടവാങ്ങി : അന്ത്യം ഇന്ന് വൈകിട്ട് 3.20 ന്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും തല മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്. ഇന്ന് വൈകിട്ട് 3.20 ഓടെ യാണ് അന്ത്യം
മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയിൽ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു.
സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. മൂന്ന് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രസ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20 നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായിട്ടായിരുന്നു ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനംവിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.
പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായി. 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.
