Connect with us

Education

എകെ ജി സെൻ്റർ കൈപ്പിടിയിലാക്കിയ ഭൂമി തിരിച്ച് പിടിക്കാൻ കേരള യൂനിവേഴ്സിറ്റി

Published

on


തിരുവനന്തപുരം:  സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസായ പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രം (പഴയ എകെജി സെന്റര്‍) സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന പരാതിയില്‍ തുടര്‍നടപടികള്‍ ആരംഭിച്ച്  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. വിഷയം സംബന്ധിച്ച് സര്‍വകലാശാലയിലുള്ള എല്ലാ രേഖകളും ശേഖരിക്കാന്‍ റജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പനു നിര്‍ദേശം നല്‍കിയതായി അറിയുന്നു

എത്ര സെന്റ് സ്ഥലമാണ് നല്‍കിയതെന്നത് അടക്കമുള്ള രേഖകള്‍ സര്‍വകലാശാലയില്‍ ഉണ്ടാകുമെന്നും അതുള്‍പ്പെടെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചതിനു ശേഷം എല്ലാ രേഖകളും സഹിതം അടുത്തു ചേരുന്ന സിന്‍ഡിക്കറ്റില്‍ വിഷയം അവതരിപ്പിക്കും. സര്‍വകലാശാലയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിന്‍ഡിക്കറ്റാണ് തീരുമാനമെടുക്കേണ്ടതെന്നും വി.സി. പറഞ്ഞു. ഇതിനൊപ്പം തന്നെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു നല്‍കുമെന്നും വി.സി. അറിയിച്ചു. ഭൂമിപ്രശ്‌നം സംബന്ധിച്ച്  സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വി.സിയോടു റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് റജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പനോട് രേഖകള്‍ സമാഹരിക്കാന്‍ വി.സി. നിര്‍ദേശം നല്‍കിയത്. ഇടത് അനുകൂല സിന്‍ഡിക്കറ്റ് വിഷയത്തില്‍ എന്തു തീരുമാനമെടുക്കുമെന്നതു നിര്‍ണായകമാണ്. സര്‍വകലാശാലാ വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കടുത്ത പോര് തുടരുന്നതിനിടെയാണ് സിപിഎമ്മിനു തലവേദനയായി ഭൂമിപ്രശ്‌നം വി.സി. ഡോ. മോഹനന്‍ കുന്നുമ്മലിന്റെയും ഗവര്‍ണറുടെയും മുന്നിലേക്ക് എത്തിയിരിക്കുന്നത്. 

പഴയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായതായെന്നു ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. ഇപ്പോഴും റവന്യു രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായി തുടരുന്ന ഈ സ്ഥലത്തിന് കരം ഒടുക്കിയിട്ടില്ലെന്നും സര്‍വേ വകുപ്പില്‍ നിന്നും വഞ്ചിയൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും രേഖകള്‍ ലഭിച്ചതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. സിപിഎം കയ്യേറിയിരിക്കുന്ന സര്‍വകലാശാല വക ഭൂമി തിരിച്ചു പിടിക്കണമെന്നാണ് കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് അനുവദിച്ചത് 15 സെന്റ് ഭൂമി മാത്രമാണെങ്കിലും സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്നാണ് വിവരാവകാശ രേഖ. ഭൂമി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് കലക്ടറേറ്റിലോ, താലൂക്ക് ഓഫിസിലോ, വില്ലേജ് ഓഫിസിലോ, സര്‍വേ വകുപ്പിലോ ലഭ്യമല്ലെന്നു ക്യാംപെയ്ന്‍ കമ്മിറ്റി അറിയിച്ചു.

Continue Reading