KERALA
പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി ആവശ്യമായി വരും എന്നാണ്. എന്നാൽ തകർന്ന പാതയിലെ ടോൾ പിരിവും പ്രശ്നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേൽക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്.
