Connect with us

KERALA

കെ.ടി ജലീൽ നടത്തിയത് കോടികളുടെ അഴിമതി, പുറത്തുവന്നാൽ തലയിൽ മുണ്ടിടേണ്ടിവരും

Published

on

കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി. ജലീല്‍ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതി നടത്തിയെന്നു മുസ്ലിം യൂത്ത്‌ലീഗ് നേതാവ് പി.കെ. ഫിറോസ്. ഈ വിവരങ്ങള്‍ പുറത്തുവരുന്നതിലുള്ള വെപ്രാളമാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും  ജലീലിനെതിരായ ഞെട്ടിക്കുന്ന വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഈ അഴിമതിയില്‍ ജലീലിന് നേരിട്ട് പങ്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

ജലീല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുന്ന വലിയ അഴിമതിയാണ് പുറത്തുവരാനിരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും ഫിറോസ് ചൂണ്ടിക്കാട്ടി. അഴിമതിയെക്കുറിച്ച് തനിക്ക് തെളിവ് ലഭിച്ചുവെന്നറിഞ്ഞതിന്റെ പരിഭ്രാന്തിയാണ് ജലീലിന്റെ ഇപ്പോഴത്തെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും ഫിറോസ് കുട്ടിച്ചേർത്തു.

കെ.ടി. ജലീല്‍ ഫിറോസിനെ തിരെ  ഉന്നയിച്ച  ആരോപണങ്ങള്‍ക്കും ഫിറോസ് മറുപടി നല്‍കി. താന്‍ ഒരു ബിസിനസ്സുകാരനും തൊഴിലെടുക്കുന്ന ആളുമാണെന്നും അതില്‍ അഭിമാനംമാത്രമേ ഉള്ളൂവെന്നും അത് അഴിമതിയോ സ്വജനപക്ഷപാതമോ അല്ലെന്നും ഫിറോസ് വ്യക്തമാക്കി. പട്ടാമ്പിയിലെ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സി.പി.എം നേതാക്കളെ ക്ഷണിച്ചത് താനാണെന്നും താന്‍ ബിനാമി ആണെങ്കില്‍ അവരെ വിളിക്കുമോയെന്നും ഫിറോസ് ചോദിച്ചു. തിരുനാവായയിലെ അഷ്റഫ് തന്റെ പങ്കാളിയാണെന്നും ജലീല്‍ വെപ്രാളംപിടിച്ച് ബോറനാകുകയാണെന്നും ഫിറോസ് പറഞ്ഞു.

പാര്‍ട്ടി ഫണ്ട് എടുത്ത് ബിസിനസ് നടത്തുന്നു എന്ന ജലീലിന്റെ ആരോപണത്തെയും ഫിറോസ് തള്ളിപ്പറഞ്ഞു. പാര്‍ട്ടി ഫണ്ട് ജനറല്‍ സെക്രട്ടറി ഒറ്റയ്ക്കാണോ കൈകാര്യം ചെയ്യുക? ജലീല്‍ അങ്ങനെ സ്വയം ഫണ്ട് എടുത്ത ആളാണെങ്കില്‍ അതിന്റെ കുറ്റബോധമാണോ ഇപ്പോള്‍ തനിക്കെതിരെ ആരോപണമായി ഉന്നയിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.
കമ്പനി തട്ടിക്കൂട്ട് കമ്പനിയാണെന്ന ജലീലിന്റെ ആരോപണം ഗുരുതരമാണെന്നും റിവേഴ്‌സ് ഹവാല ആരോപണം ഗൗരവമുള്ളതാണെന്നും ഫിറോസ് പറഞ്ഞു. തന്റെയും കമ്പനിയുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാം. അപ്പോള്‍ സത്യം ബോധ്യമാകും. താന്‍ ആ കമ്പനിയില്‍ പാര്‍ട്ട്‌ടൈം ജീവനക്കാരനാണ്, ആദായനികുതി കൃത്യമായി അടയ്ക്കുന്നയാളാണ്. പൊതുപ്രവര്‍ത്തനത്തിന് താന്‍ നയാപൈസ പോലും എടുക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

Continue Reading