Connect with us

KERALA

നിയമസഭയിൽ ഇന്നും  ഭരണ- പ്രതിപക്ഷ ബഹളം.ബോഡി ഷെയ്മിം​ഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉയർത്തി

Published

on

തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. വാച്ച് ആൻഡ് വാർഡൻമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിം​ഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡമാരോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി.

ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ സ്പീക്കറുടെ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്.

അതിനിടെ, സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രം​ഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ തോന്നിയവാസം കാണിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. എന്നാൽ ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷ നീക്കം നടത്തുകയാണെന്ന് സ്പീക്കറും പ്രതികരിച്ചു. ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടക്കുകയും ചെയ്തു. ബാനർ മാറ്റാൻ നിർദ്ദേശം നൽകണമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു.  

Continue Reading