Connect with us

KERALA

എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരമെന്ന് എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ

Published

on

എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരമെന്ന് എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരവും സാധുവായതുമാണെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. 2021 ൽ വാങ്ങിയ 32 സെന്റ് ഭൂമിയിൽ 30 കോടിയോളം ചെലവഴിച്ച് 9 നില കെട്ടിടം പണിതതായും എം.വി. ഗോവിന്ദൻ സുപ്രീം കോടതിയെ രേഖാ മൂലം അറിയിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദു സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. 1998 ൽ താനും മുത്തച്ഛൻ പി.ജനാർദനൻ പിള്ളയും ചേർന്ന് വാങ്ങിയ 32 സെന്റ്‌ ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി.

ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഈ ജപ്തി നടപടികൾ നടക്കുന്നതിനിടയിലാണ് ഇന്ദു ഭൂമി വാങ്ങിയത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. ലാഭം ലക്ഷ്യമിട്ടുള്ള റിസ്ക് ആയിരുന്നു ഇന്ദു എടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂമിയുടെ യഥാർഥ ഉടമ താനാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇന്ദു ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ സിപിഎം 2021 ൽ ഈ ഭൂമി വാങ്ങുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ സിപിഎം നടത്തിയ ഭൂമി ഇടപാട് നിയമപരവും സാധുവും ആണെന്നും ഇന്ദുവിന്റെ ഹർജി തള്ളണമെന്നും ഗോവിന്ദൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Continue Reading