KERALA
ജി. സുധാകരന് എന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. സഖാവ് ആലപ്പുഴയിലെ പാര്‍ട്ടിയുടെ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖനായ നേതാവാണ്.
ജി. സുധാകരന് എന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. സഖാവ് ആലപ്പുഴയിലെ പാര്‍ട്ടിയുടെ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖനായ നേതാവാണ്.
കൊച്ചി: ജി. സുധാകരനുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹത്തെ നേരില്‍ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജി. സുധാകരന് എന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. സഖാവ് ആലപ്പുഴയിലെ പാര്‍ട്ടിയുടെ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖനായ നേതാവാണ്. കേരളത്തിലെ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപാട് സംഭാവനകള്‍ നല്‍കിയ ആളാണ്. ഞങ്ങളുടെയെല്ലാം ഒരു വികാരമായി നില്‍ക്കുന്ന അദ്ദേഹം ഏതെങ്കിലും ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ മോശക്കാരനാക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടിയുടെ ഭാഗംതന്നെയാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഞങ്ങളേക്കാള്‍ കടുത്ത പാര്‍ട്ടിക്കാരനാണ്. അദ്ദേഹം പാര്‍ട്ടിക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. ആ ശ്രമം മാധ്യമങ്ങള്‍ ഉപേക്ഷിക്കണം. അദ്ദേഹം മരണംവരെയും സിപിഎമ്മിന്റെ ഭാഗമായിരിക്കും ആലപ്പുഴ പാര്‍ട്ടിയടെ ഭാഗമായിരിക്കും. പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യേണ്ട എന്തെങ്കിലും പ്രശ്‌നം അദ്ദേഹത്തിനുണ്ടെങ്കില്‍ ഞങ്ങള്‍ പോയി സംസാരിക്കും’, സജി ചെറിയാന്‍ പറഞ്ഞു.
‘ഞങ്ങള്‍ നന്ദികെട്ടവരല്ല. ജി. സുധാകരനെ തകര്‍ത്തിട്ട് ഒന്നും സാധിക്കാനില്ല. നിങ്ങള്‍ കാണുന്നത് പോലെയല്ല, ഞങ്ങള്‍ തമ്മില്‍ നല്ല ആത്മബന്ധമാണ്, നിങ്ങള്‍ക്ക് അറിയാത്ത കെമിസ്ട്രിയുണ്ട് ഞാനും അദ്ദേഹവും തമ്മില്‍. ആര്‍ക്കും അത് അകറ്റാനാകില്ല. നേരില്‍ കണ്ടാല്‍ സംസാരിക്കും, അദ്ദേഹം എന്നെ ഊഷ്മളതയോടുകൂടി സ്വീകരിക്കുകയും ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. കോണ്‍ഗ്രസിന്റെ സാഹിത്യസമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സാംസ്‌കാരിക മേഖലയില്‍ നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അതില്‍ ഒരുതെറ്റും കാണുന്നില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധാകരനെ കണ്ട് സംസാരിക്കേണ്ട കാര്യമുണ്ടെങ്കില്‍ പോയി സംസാരിക്കും. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും പോയി സംസാരിച്ചു. താന്‍ പോകേണ്ടതുണ്ടെങ്കില്‍ പോകുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.
