KERALA
കെ. ജി ശങ്കരപ്പിള്ളയ്‌ക്ക് എഴുത്തച്ഛൻ പുരസ്കാരം
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമായ കെ. ജി ശങ്കരപ്പിള്ളയ്‌ക്ക് എഴുത്തച്ഛൻ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എൻ.എസ്. മാധവൻ ചെയർമാനും കെ.ആർ. മീര, ഡോക്ടർ കെ.എം. അനിൽ എന്നിവർ അംഗങ്ങളുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്
ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളാണ് കെ. ജി ശങ്കരപ്പിള്ള. ടി. പി ചന്ദ്രശേഖരൻ കൊലപ്പെട്ടപ്പോൾ അവര് വെട്ടുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്ത് എന്ന് നേർക്കു നേർ ചോദിച്ച കവി. നീതിക്കുനേരെ കണ്ണുകളടയ്‌ക്കുന്ന അധികാരവൃന്ദത്തെ വിമര്‍ശിച്ചുകൊണ്ട് കെ.ജി. ശങ്കരപ്പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘കൂര്‍മം’ എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കേരളത്തിലെ സമകാലിക സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു കൂർമം. ചുറ്റിലും നീതികേടുകള്‍ നടക്കുമ്പോള്‍ അവയ്‌ക്കുനേരെ കണ്ണടയ്‌ക്കുന്ന അധികാരികളും ഏതോ ഒരു ഭയത്തോടെ ജീവിക്കുന്ന പൗരരേയും കവിതയിൽ കെജിഎസ് ആവിഷ്കരിക്കുന്നു. കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള ആസൂത്രിതമായ ഒളിപ്പിക്കലുകളും കളവുകളും മറ്റും കവിതയിലുള്‍പ്പെടുത്തിയിരുന്നു.
ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിദ്ധ്യമാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പുരസ്കാര പ്രഖ്യാപനത്തിനിടെ പറഞ്ഞു. പുരസ്‌കാരം ലഭിച്ചതിൽ എറെ സന്തോഷമുണ്ടെന്നും കവിതയ്‌ക്കും നിലപാടിനും ലഭിച്ച പുരസ്‌കാരമായാണ് ഇതിനെ കാണുന്നതെന്നും ശങ്കരപ്പിളള മാദ്ധ്യമങ്ങളോട് പറഞ്ഞു.
2008 ലെ പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, 2009ലെ ഓടക്കുഴൽ പുരസ്കാരം, 2009ലെ ഹബീബ് വലപ്പാട് പുരസ്കാരം, 2011ലെ പന്തളം കേരള വർമ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ് കവി കെ.ജി. ശങ്കരപ്പിള്ള.
ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂൾ, കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ആയി വിരമിച്ചു.
