KERALA
തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ;
തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ;
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും ഡൽഹിയിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ ബെഹ്‌റ പറഞ്ഞു. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി നല്‍കും. തുടര്‍ന്ന് ഡിപിആര്‍ മന്ത്രിസഭയുടെ അനുമതിക്കു സമര്‍പ്പിക്കും. അതിനു ശേഷം കേന്ദ്രാനുമതി വേണം. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ. ആറു മാസം കൊണ്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി മെട്രോ മാതൃകയില്‍ തന്നെ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. 8,000 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് (കിലോമീറ്ററിന് 250 കോടി). ഇതിന്റെ 20% സംസ്ഥാന സര്‍ക്കാരും 20% കേന്ദ്രസര്‍ക്കാരും വഹിക്കും. ബാക്കി 60% വായ്പ എടുക്കും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. 2029ന് മുന്‍പ് അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ ഭൂമിയുടെ അവസ്ഥ അനുസരിച്ച് നിര്‍മാണത്തിനു വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ലെന്ന് ബെഹ്റ പറഞ്ഞു.
