KERALA
ചെങ്കോട്ടകള്‍ ഇളകി : ക്ഷേമം മോക്ഷം നല്‍കിയില്ല, മൂന്നാംവട്ട ഭരണ സ്വപ്‌നങ്ങള്‍ തകർന്നു
തിരുവനന്തപുരം : കോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി തോല്‍വി. തിരുവനന്തപുരം കോര്‍പറേഷനും ആദ്യമായി നഷ്ടപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ചപ്പോള്‍ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി. എല്‍ഡിഎഫിന് നഷ്ടമായത് 25 സീറ്റാണ്. തൃശ്ശൂരില്‍ ഭരണം നഷ്ടമായി. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് മുന്നിലുള്ളത്. എന്നാല്‍ ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവ്. മൂന്ന് പതിറ്റാണ്ടിന് ശേഷം പെരിന്തല്‍മണ്ണ നഗരസഭ കൈവിട്ടു. പഞ്ചായത്ത് ചരിത്രത്തിലാദ്യമായി ചെങ്ങന്നൂരിലെ ബുധനൂര്‍, കോഴിക്കോട് ജില്ലയിലെ തലക്കളത്തൂര്‍,നെന്മണ്ട, ബാലുശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ പരാജയം ഏറ്റുവാങ്ങി. മാവേലിക്കര നഗരസഭയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. മേയര്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ച നിരവധി പ്രമുഖരും ഇതോടൊപ്പം കടപുഴകി.
ആറുമാസത്തിനുള്ളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വാതില്‍ തുറക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിലാണ് ഇത്തരമൊരു പരാജയം എല്‍ഡിഎഫും സിപിഎമ്മും നേരിട്ടിരിക്കുന്നത്. മൂന്നാം തുടര്‍ഭരണം എന്ന സിപിഎം-ഇടത് മോഹത്തിനേറ്റ കനത്ത ആഘാതമായി മാറി തദ്ദേശ ഫലം. 2020-ലെ തദ്ദേശഫലം അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ ഫല സൂചന നല്‍കിയിട്ടുണ്ട്. മുൻകാലങ്ങളിലെ ജനവിധി പരിശോധിക്കുമ്പോള്‍ 2025-ലെ ഫലവും സംസ്ഥാനത്തിന്റെ മനസ്സിലെന്താണ് എന്നതിനുള്ള ദിശാസൂചിക തന്നെയാണ് നല്‍കുന്നത്. ആ മനസ്സ് മാറ്റാനുള്ള എന്ത് നീക്കങ്ങളാണ് വരാനിരിക്കുന്ന മാസങ്ങളില്‍ നടത്തേണ്ടതെന്ന് ആലോചിച്ച് സിപിഎമ്മിനും ഇടതുപക്ഷത്തിനും തല പുകയ്‌ക്കേണ്ടി വരും.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരു മാസം മുമ്പ് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ വോട്ടായി വന്നില്ല. ഒപ്പം അപ്രതീക്ഷിതമായി വീണുകിട്ടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും ആളിക്കത്തിച്ചെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരം തടഞ്ഞുനിര്‍ത്താനായില്ലെന്ന് വേണം കരുതാന്‍. കഴിഞ്ഞ തവണ വിജയിച്ച വെല്‍ഫെയര്‍-യുഡിഎഫ് ബാന്ധവമെന്ന ആരോപണം ഇത്തവണയും പ്രചാരാണയുധമാക്കിയെങ്കിലും വോട്ടര്‍മാര്‍ ഏറ്റെടുത്തില്ല. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശബരിമല സ്വര്‍ണക്കൊള്ളയും പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മാറ്റങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തു. ശബരിമല വികാരം തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിലപാട് മാറ്റം വടക്കന്‍ കേരളത്തിലും എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിച്ചിട്ടും മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായില്ല. ജോസ് കെ.മാണിക്ക് സ്വന്തം വാര്‍ഡ് പോലും നിലനിര്‍ത്താനായില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തും ഉണ്ടായിരുന്ന മേല്‍ക്കൈ സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളുടെ കരുത്ത്കൂടിയായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫിന് തുടര്‍ന്ന് നടന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയത്. പിഴവില്ലാത്ത ആസൂത്രണവും തന്ത്രപരമായ പ്രചാരണരീതിയും ഒരുക്കുന്നതില്‍ സിപിഎം സംഘടനാപരമായി വിജയിച്ചിരുന്നു. ഇത്തവണ എവിടെയാണ് വീഴ്ച പറ്റിയതെന്നതാകും വരുംദിനങ്ങളിലെ ചർച്ച. വാര്‍ഡ് വിഭജനം പോലും അനുകൂലമായി നടത്തിയിട്ടും ഇത്ര വലിയ പരാജയം സിപിഎമ്മിന് ഞെട്ടലുണ്ടാക്കുന്നതാണ്. ഭരണവിരുദ്ധ വികാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കേണ്ടതിനൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി.ഗോവിന്ദന്റെ നിലനില്‍പ്പും ചോദ്യചിഹ്നത്തിലാകും. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷമുള്ള പ്രധാന തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഒപ്പം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന രാഷ്ട്രീയ ബലാബലങ്ങളിലെല്ലാം എല്‍ഡിഎഫിന് ആശങ്കയാണ് സമ്മാനിച്ചിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പുകളില്‍ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാട് നിലനിര്‍ത്തിയ യുഡിഎഫ് നിലമ്പൂരും തിരിച്ച് പിടിച്ച ശേഷമാണ് ഇപ്പോള്‍ തദ്ദേശത്തിലും വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമാണെന്ന ആരോപണങ്ങള്‍ക്ക് തടയിടാനായി സ്വീകരിച്ച തന്ത്രങ്ങള്‍ പാളിയോ എന്ന് സിപിഎമ്മിന് പരിശോധിക്കേണ്ടി വരും. സ്ത്രീപ്രവേശനത്തിന്റെ മുറിവുണക്കാന്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച് എന്‍എസ്എസിന്റെ അടക്കം സ്വീകാര്യത നേടിയെങ്കിലും സ്വര്‍ണക്കൊള്ള വിവാദം സ്വപ്‌നങ്ങള്‍ തകിടം മറിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമടക്കം കേസില്‍ ജയിലിലായിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നു. സിപിഎം-ബിജെപി കൂട്ടുക്കെട്ടെന്ന യുഡിഎഫ് ആരോപണത്തിന് കരുത്ത് പകരുന്നതായിരുന്നു പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മാറ്റം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതോടെ മുകേഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ സിപിഎം എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യമുയര്‍ന്നു. ഇനിയും കൊടുത്ത് തീര്‍ക്കാനുള്ള ഡിഎ കുടിശ്ശികയില്‍ ജീവനക്കാരുടെ എതിര്‍പ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു സര്‍വീസ് വോട്ടുകളിലെയും മാറ്റം.
മുന്നണിക്കുള്ളിലും പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ നേരിട്ട 2010ലൊഴിച്ച് തദ്ദേശം സമീപ കാലത്തെല്ലാം ഇടത്തോട്ട് ചാഞ്ഞിരുന്നു. മുന്നണിയിലും പാര്‍ട്ടിയിലും ഇത്തവണ അത്തരമൊരു സാഹചര്യമില്ലാതിരുന്നിട്ടും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു മിനി ബജറ്റെന്ന പോലെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും ഉണ്ടായ തിരിച്ചടി സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി ബിജെപിയുടെ കടന്നുകയറ്റം തങ്ങളുടെ കോട്ടകളിലാണ് എന്നതും സിപിഎമ്മിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .
