Connect with us

NATIONAL

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

Published

on

പുണെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പൂണെയിൽ വെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്.

പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ മാധവ് ഗാഡ്ഗിൽ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത് അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ്. 2011-ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട്, പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. 2024-ൽ കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ, ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്നും സജീവ ചർച്ചാവിഷയമാണ്.

തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.

1942-ൽ പൂനെയിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.  സമ്പന്ന ഗോവൻ ബ്രാഹ്‌മണകുടുംബത്തിൽ പിറന്ന മാധവ് ബാല്യം മുതൽക്കേ ഒരു പ്രകൃതിസ്നേഹിയായിരുന്നു. കൃഷിയിടങ്ങളിലും കാലികൾ മേയുന്ന കുന്നുകളിലും മരങ്ങൾക്കിടയിലും നടക്കാൻ ഏറെ ഇഷ്ടമായിരുന്ന മാധവ്, തിത്തിരി പക്ഷികളെയും മൈനകളെയും ബുൾബുൾ, വാനമ്പാടി, പരുന്ത്, പ്രാപ്പിടിയൻ തുടങ്ങിയ നാടൻ പക്ഷികളെയെല്ലാം കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു.

സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുണെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.

Continue Reading