Connect with us

KERALA

എന്നെ ഓർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ’: മുന്നണി മാറ്റം തള്ളി ജോസ് കെ. മാണി

Published

on


കോട്ടയം : മുന്നണി മാറ്റത്തെ ചൊല്ലി  പാർട്ടിയിൽ ഭിന്നതയില്ലെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എംഎൽഎമാരുമുണ്ടാവും. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘യേശുക്രിസ്തു പറയുന്നുണ്ട്, ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ’ എന്നു പറഞ്ഞായിരുന്നു ജോസ് കെ. മാണിയുടെ വാർത്താ സമ്മേളനം തുടങ്ങിയത്. എൽഡിഎഫിന്‍റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിന് അദ്ദേഹം വിശദീകരണവും നൽകി. രോഗിയെ സന്ദർശിക്കാനാണ് ദുബായിൽ പോയത്. ഇത് മുഖ്യമന്ത്രിയെയടക്കം ഉത്തരവാദപ്പെട്ട എല്ലാവരേയും അറിയിച്ചതുമാണ്. കേരള കോൺഗ്രസിലെ അഞ്ച് എംഎൽഎമാരും പരിപാടിയിലുണ്ടായിരുന്നു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെത്തന്നെയുണ്ടാകും. ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാട് ആവർത്തിച്ചുപറഞ്ഞതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തുനടന്ന എൽഡിഎഫ് സമരത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതും ഇടതുമുന്നണിയുടെ മധ്യമേഖലാജാഥയെ നയിക്കാൻ ജോസ് എത്തില്ലെന്നതും സോണിയാഗാന്ധി ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചെന്ന വാർത്തയുമെല്ലാം കേരള കോൺഗ്രസ് ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. ‘തുടരും’ എന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായം ഉണ്ടെന്ന തരത്തിൽ വാർത്തകളും പുറത്തുവന്നു.
മുന്നണിമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം വ്യാപകമായി പ്രചരിച്ചതോടെ ഇത് തള്ളിഫെയ്സ്ബുക്ക് കുറിപ്പുമായി ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ കുറിപ്പിൽ ചില തിരുത്തലുകൾ വരുത്തിയതും ചർച്ചയായി. പാർട്ടി രാഷ്ട്രീയനിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്’ എന്ന ആദ്യത്തെ പോസ്റ്റിലെ പരാമർശം ‘പാർട്ടിയുടെ രാഷ്ട്രീയനിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്’ എന്നടക്കം മാറ്റിയതാണ് വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയത്.

Continue Reading