KERALA
കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല;സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുകയാണ് കർത്തവ്യമെന്ന് നിർമ്മല
ന്യൂഡൽഹി ∙ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച് ഏഴ് അതിവേഗ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ പരമ്പരാഗത കാഞ്ചീപുരം സാരി ധരിച്ചാണ് നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിനെത്തിയത്. ഇതോടെ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാടിന് ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. ബിഹാറിന് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായിരുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.
