Connect with us

KERALA

അയ്യപ്പസംഗമം നടത്തിയ വകയിൽ 3.4 കോടി രൂപ കടം :സംഗമത്തിന് ദേവസ്വംബോർഡിന് ഒരുരൂപപോലും ചെലവുവരില്ലെന്ന വാദം പൊളിയുന്നു

Published

on

പത്തനംതിട്ട: പമ്പയിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് തിരുവിതാംകൂർ ദേവസ്വംബോർഡിന് ഒരുരൂപപോലും ചെലവുവരില്ലെന്ന വാദം പൊളിയുന്നു. ബോർഡിന്റെ ഫണ്ടിൽനിന്ന് കൊടുത്ത രണ്ടുകോടി രൂപ തിരികെയെത്തിയിട്ടില്ലെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. എല്ലാം സ്പോൺസർഷിപ്പിലൂടെയാണ് നടക്കുകയെന്നാണ് ദേവസ്വംമന്ത്രി വി.എൻ. വാസവനും ബോർഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്തും പറഞ്ഞിരുന്നത്. അയ്യപ്പസംഗമത്തിനെതിരേ ഹർജിവന്നപ്പോൾ ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതിലും ബോർഡിന് യാതൊരു ചെലവുവരില്ലെന്നാണ് പറഞ്ഞിരുന്നത്. സ്പോൺസർഷിപ്പിലൂടെ പണം കിട്ടുമ്പോൾ, ദേവസ്വം ഫണ്ടിൽനിന്നെടുത്ത പണം തിരികെയടയ്ക്കാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വിചാരിച്ചതരത്തിൽ സ്പോൺസർഷിപ്പ് വന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽനിന്ന് കാണാൻ കഴിയുന്നത്.

സംഗമത്തിന് തങ്ങൾക്ക് ഒരു റോളുമില്ലെന്നായിരുന്നു സർക്കാർവാദം. എന്നാൽ, സംസ്ഥാന പ്രോട്ടക്കോൾ ഓഫീസറുടെ പേരിലാണ് 37,25,752 രൂപ സംഗമത്തിനുള്ള മുറിവാടക ബില്ല് ചെയ്തത്. 25,300 രൂപയുടെ മുറിവാടകയേ ബോർഡ് പ്രസിഡന്റിന്റെ പേരിലുള്ളൂ. ദേവസ്വം ബോർഡിനുവേണ്ടി സ്വകാര്യ ഏജൻസിയാണ് സംഗമത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്തത്.

അയ്യപ്പസംഗമം നടത്തിയ വകയിൽ 3.4 കോടി രൂപ കടമുണ്ടെന്നാണ് റിപ്പോർട്ട്. അഞ്ചുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് ബോർഡ് അറിയിച്ചിരുന്നത്. എട്ടുകോടിയോളമായി. പല സ്ഥാപനങ്ങളും സ്പോൺസർഷിപ്പ് ഏറ്റിരുന്നു. ഈ പണം കിട്ടുന്നതുവരെ താത്കാലിക ക്രമീകരണം എന്നനിലയിലാണ് ദേവസ്വം കമ്മിഷണറോട് രണ്ടുകോടി രൂപ അനുവദിക്കാൻ ബോർഡ് നിർദേശിച്ചിരുന്നത്.

2025 ഓഗസ്റ്റ് എട്ടിനു ചേർന്ന ദേവസ്വം ബോർഡ് യോഗം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനാണ് അയ്യപ്പസംഗമത്തിന്റെ കരാർ കൊടുത്തത്. ടെൻഡറില്ലായിരുന്നെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കലാപരിപാടികൾക്ക് എട്ടുലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിന്റെ വൗച്ചറുകളേ കാണാനുള്ളൂ

Continue Reading