NATIONAL
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ്
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സ്പീക്കറുടെ നടപടികളിൽ പ്രതിഷേധിച്ച് 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിനാണ് കൈമാറിയത്. എന്നാൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നോട്ടീസിൽ ഒപ്പ് വെച്ചില്ല
കോൺഗ്രസ് നേതാക്കളായ കെ. സി. വേണുഗോപാൽ, കെ. സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സഭാനടപടികളിൽ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദം നൽകുന്നില്ലെന്നും നോട്ടീസിൽ ആരോപിക്കുന്നു. ഇത് ജനാധിപത്യപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നതും എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതുമാണ് നടപടിക്ക് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുക, പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. സഭയിൽ ഇന്ത്യ-യുഎസ് വ്യാപാര ചട്ടക്കൂടിനെക്കുറിച്ച് ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുകയായിരുന്നു.
മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച ലോക്‌സഭയിൽ സ്തംഭനാവസ്ഥ തുടങ്ങിയത്. ബഹളം കാരണം രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയാൻ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. പ്രശ്നപരിഹാരത്തിനായി സ്പീക്കർ രാഹുൽ ഗാന്ധി, അഭിഷേക് ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപമെത്തി ചില കോൺഗ്രസ് വനിതാ എംപിമാർ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി സ്പീക്കർ ഓം ബിർള ആരോപിച്ചു. എന്നാൽ, പ്രതിപക്ഷം ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
