Connect with us

Crime

മോഷ്‌ടാവെന്ന സംശയത്തിൽ മലയാളി യുവാവിനെ ബംഗാളിൽ മർദ്ദിച്ച് കൊലപ്പെടുത്തി

Published

on

കൊൽക്കത്ത: മോഷ്‌ടാവെന്ന സംശയത്തിൽ മലയാളി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൾതാലി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഏഴ്‌പേർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ജൂൺ ഒൻപതിനാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്‌ച ഇതിന്റെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പൊലീസ് അറിഞ്ഞത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇന്നലെ രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം ഏഴുപേരെ പിടികൂടുകയുമായിരുന്നു. ആകെ എട്ടുപേരെയാണ് സംഭവത്തിൽ പിടികൂടിയത്. ഒരാളെ പിന്നീട് വിട്ടയച്ചു. പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കും.കുൾതാലിയിലെ ഒരു പരിചയക്കാരന്റെ വീട്ടിൽ ജോലിക്ക് വന്നതായിരുന്നു മലയാളിയായ 30കാരൻ. ജൂൺ ഒൻപതിന് രാവിലെ അടുത്തുള്ള ചന്തയിലേക്ക് പോയ ഇയാൾ താമസിച്ചിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരിടത്ത് വഴിതെറ്റിയെത്തി. യുവാവിന് ബംഗാളി ഭാഷ വശമുണ്ടായിരുന്നില്ല. പരിചയമില്ലാത്ത ആളെ പ്രദേശത്ത് കണ്ട് പരിസരവാസികൾ ഇയാളെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ ചോദിച്ചു. ഭാഷ മനസിലാകാത്തതിനാൽ ഇത് നൽകാനായില്ല. ഇതോടെ കള്ളനെന്ന് കരുതി ആളുകൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.പിന്നീട് ഒരാൾ പരിക്കേറ്റ് റോഡിൽ കിടക്കുന്നു എന്ന വിവരം കുൾതാലി പൊലീസ് അറിഞ്ഞ് അവർ സ്ഥലത്തെത്തി ഇയാളെ ജയ്‌നഗർ-കുൾതലി ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ആ സമയം മർദ്ദനമേറ്റാണ് മരണം എന്ന് പൊലീസിന് വിവരമുണ്ടായിരുന്നില്ല. പിന്നീട് സമൂഹമാദ്ധ്യമ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ആൾക്കൂട്ട കൊലയാണെന്ന് മനസിലായത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. മരിച്ചയാളുടെ വിവരങ്ങളടക്കം ലഭിക്കേണ്ടതുണ്ട്.

Continue Reading