NATIONAL
എയർ ഇന്ത്യയുടെ ഫുക്കറ്റ് – ഡൽഹി വിമാനത്തിന് നാല് സെക്കൻഡ് നേരത്തേക്ക് സർവ നിയന്ത്രണങ്ങളും നഷ്‌ടമായെന്ന് റിപ്പോർട്ട്.
ന്യൂഡൽഹി: 300 അടി താഴ്‌ചയിലേക്ക് പതിച്ച എയർ ഇന്ത്യയുടെ ഫുക്കറ്റ് – ഡൽഹി വിമാനത്തിന് യാത്രയ്‌ക്കിടെ നാല് സെക്കൻഡ് നേരത്തേക്ക് സർവ നിയന്ത്രണങ്ങളും നഷ്‌ടമായെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വിമാനത്തിന്റെ എലിവേറ്ററുകളും എയിലറോണുകളും സ്‌പോയിലറുകളും ഉൾപ്പെടെയുള്ള പ്രധാന നിയന്ത്രണങ്ങളാണ് പൂർണമായും ഒരേസമയം നഷ്‌ടപ്പെട്ടത്.
വിമാനത്തിന്റെ നിയന്ത്രണത്തിൽ സുപ്രധാന പങ്കാണ് ഹൈഡ്രോളിക് സംവിധാനങ്ങൾക്കുള്ളത്. അതിനാൽ അതീവ ഗുരുതരമായ സ്ഥിതിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കുമാക്കാൻ സഹായിക്കുന്ന എലിവേറ്ററും ചിറകുകളെ ഇടത്തേക്കും വലത്തേക്കും തിരിയാൻ സഹായിക്കുന്ന എയിലറോണുകളും ലിഫ്റ്റ് കുറയ്‌ക്കുന്ന സ്‌പോയിലറുകളുമാണ് പൈലറ്റ് കമാൻഡില്ലാതെ പ്രവർത്തിച്ചത്
വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടുവെന്നും കോക്‌പിറ്റിൽ മുന്നറിയിപ്പ് ലഭിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ കോ പൈലറ്റ് തന്റെ കൺട്രോൾ സ്റ്റിക് മുന്നോട്ട് നീക്കി വിമാനത്തിന്റെ നോസ് താഴ്‌ത്താൻ ശ്രമിച്ചു. പക്ഷേ, ഹൈഡ്രോളിക് സംവിധാനങ്ങൾ പൂർവസ്ഥിതിയിലാകുന്നത് വരെ കോ – പൈലറ്റിന്റെ നിയന്ത്രണം ഫലം കണ്ടില്ല. വിമാനത്തിന്റെ വേഗത കുറഞ്ഞ് പറക്കാനുള്ള ലിഫ്‌റ്റ് നഷ്‌ടമായപ്പോഴാണ് മുന്നറിയിപ്പ് ഉണ്ടാകുന്നത്. ഈ സമയത്തുണ്ടായ ഉലച്ചിലിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 24പേർക്കാണ് പരിക്കേറ്റത്.
അതേസമയം, വിമാനം അപകടത്തിൽപ്പെട്ടത് പൈലറ്റ് ലഹരി ഉപയോഗിച്ചതിനെത്തുടർന്നാണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ എയർ ഇന്ത്യ ഡോപ് ടെസ്റ്റ് ആരംഭിച്ചു. അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് പരിശോധന നടത്തുന്നത്. എയർ ഇന്ത്യയ്‌ക്കൊപ്പം എയർ ഇന്ത്യ എക്‌സ്‌പ്രസിലെ ജീവനക്കാർക്കും പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്‌ക്ക് വിധേയരാകാത്തവരെ മാറ്റിനിർത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. നിലവിൽ എയർ ഇന്ത്യയിലെ പത്ത് ശതമാനം ക്രൂ അംഗങ്ങളിൽ മാത്രമാണ് വാർഷിക ലഹരി പരിശോധന നടക്കുന്നത്.
