KERALA
മാസപൂജയ്ക്ക് എത്തുന്നതിനെക്കാൾ ഭക്തർ ശബരിമലയിൽ എത്തി. കണക്കുകൂട്ടലിൽ ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായതെന്നു ദേവസ്വം ബോർഡ്
ന്യൂഡൽഹി: ശബരിമലയിലെ അരവണ വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടായതായി തോന്നുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സാധാരണ മാസപൂജയ്ക്ക് എത്തുന്നതിനെക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ശബരിമലയിൽ എത്തിയെന്നും ഈ കണക്കുകൂട്ടലിൽ ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോട് കെ ജയകുമാർ പ്രതികരി അുകയായിരുന്നു
‘അഞ്ചുദിവസത്തെ മാസപൂജയ്ക്ക് ശബരിമല തുറക്കുമ്പോൾ സാധാരണയായി രണ്ടു മുതൽ രണ്ടര ലക്ഷം ടിൻ അരവണയാണ് വേണ്ടിവരുന്നത്. അപ്പോൾ ഞങ്ങൾ മൂന്നേകാൽ ലക്ഷം ടിൻ അരവണ അടിച്ചുവച്ചശേഷം അറ്റകുറ്റപണി നടത്താനായി പ്ലാന്റ് അടച്ചു. ഒന്ന്, ഒന്നര മാസത്തെ പണി ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സീസൺ സമയത്ത് അരവണ ക്ഷാമം വരാതെയിരിക്കാൻ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ്. പ്ലാന്റിന്റെ ഉൽപ്പാദനശേഷി പ്രതിദിനം ഒരു ലക്ഷം ടിൻ കൂടി ഉയർത്താനാണ് ശ്രമിക്കുന്നത്.
ഒക്ടോബർ പത്തോടുകൂടി ഈ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകും. കണക്കുക്കൂട്ടലുകളെ തെറ്റിച്ച് അപ്രതീക്ഷിതമായി ഭക്തരുടെ തിരക്ക് വർദ്ധിച്ചതാണ് വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയത്. പ്ലാന്റ് പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ അരവണ ഉണ്ടാക്കി നൽകാമായിരുന്നു.
സാധാരണ മാസപൂജ സമയത്ത് അഞ്ചുകോടി രൂപ വരുമാനം ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഏഴരക്കോടി രൂപയുടെ വരുമാനമുണ്ടായി. പ്ലാന്റിന്റെ പണികൾ നടക്കുന്നതിനിടെ തുടർച്ചയായി രണ്ടുദിവസം വൻ തിരക്ക് അനുഭവപ്പെട്ടതോടെ പത്ത് ടിൻ അരവണ ചോദിച്ചവർക്ക് അഞ്ചെണ്ണം വീതം നൽകി ലഭ്യമായ സ്റ്റോക്ക് വച്ച് ക്രമീകരിക്കുകയായിരുന്നു. നിലവിലെ സാഹചര്യം ഒരു യുദ്ധമുഖത്തെന്നപോലെയാണ്. സാമ്പത്തിക താല്പപര്യമുള്ളവർക്ക് കാര്യങ്ങൾ നേരെയായി പോകണമെന്നില്ല. അവർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയാണ്’- കെ ജയകുമാർ പറഞ്ഞു.
