KERALA
പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതേ നിലയിൽ മറുപടി പറയാൻ സാധിക്കില്ലെന്ന് കെ സുധാകരൻ

കൊച്ചി: പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതേ നിലയിൽ മറുപടി പറയാൻ സാധിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ആ ഭാഷയിൽ തനിക്ക് മറുപടി പറയാനാറിയാം. എന്നാൽ അത് പറയുന്നില്ല. പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പുകിട്ടിയതുകൊണ്ട് മാത്രമാണ് താൻ പിണറായിയെ അടിച്ച കാര്യം പറഞ്ഞത്.ഓഫ് ദി റെക്കോർഡാണെന്ന് പറഞ്ഞതുകൊണ്ടാണ് താൻ കാര്യങ്ങൾ റിപ്പോർട്ടറോട് വിശദീകരിച്ചതെന്നും സുധാകരൻ പറഞ്ഞു.
പിണറായിയുടെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ആരോപണം കളവാണ്. വിദേശ കറൻസി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്‍റെ ഓഫീസാണ് അതിന് കൂട്ടുനിന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ താൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത് ആരാണെന്ന് വ്യക്തമാക്കണം. അപാരമായ തൊലിക്കട്ടിയാണ് മുഖ്യമന്ത്രിയുടേത്. പിണറായി പറയുന്നത് കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല
മണൽ മാഫിയയുമായി തനിക്ക് ബന്ധമുണ്ടെങ്കിൽ മുഖ്യമന്ത്രി അന്വേഷിക്കണം. മാഫിയ ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. എന്തുവേണോ അന്വേഷിച്ചോ, ഭരണം നിങ്ങളുടെ കൈകളിൽ അല്ലേ. തന്നെ പ്രതിക്കൂട്ടിൽ കയറ്റാൻ നട്ടെല്ലുണ്ടെങ്കിൽ പിണറായി തന്‍റേടം കാണിക്കണം. സി എച്ച് മുഹമ്മദ് കോയയെ താൻ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്തോ ദുസ്വപ്‌നം കണ്ടിട്ടാണ് തന്നെ നഗ്നനായി നടത്തിച്ചെന്ന് പിണറായി പറയുന്നത്. അങ്ങനെ നടന്നിട്ടുണ്ടെന്ന് ഒരാൾ പറഞ്ഞാൽ താൻ രാഷ്‌ട്രീയപണി അവസാനിപ്പിക്കാമെന്നും സുധാകരൻ പറഞ്ഞു.നാട്ടുകാരോട് അന്വേഷിക്കണം, പിണറായിക്ക് പണ്ടേ ആരോഗ്യമൊന്നുമില്ല. തന്നെ ആർ എസ് എസായി ചിത്രീകരിക്കുന്നത് മാദ്ധ്യമരംഗത്തെ സി പി എം മാഫിയയുടെ ഭാഗമാണ്. സ്വന്തം ദുഖവും അനുഭവവും മുഖ്യമന്ത്രി എഴുതിവച്ചാണ് വായിക്കുന്നത്. മമ്പറം ദിവാകരൻ പാർട്ടിയ്‌ക്കകത്തുമല്ല പുറത്തുമല്ല. മുഖ്യമന്ത്രിയെ അടിച്ച ഫ്രാൻസിസ് തന്‍റെ സീനിയറായിരുന്നു. അങ്ങനെയൊരു വിദ്യാർത്ഥി ബ്രണ്ണൻ കോളേജിലുണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.വാടിക്കൽ രാമകൃഷണന്‍റെ കൊലപാതക കേസിൽ പിണറായിയെ പ്രതിയാക്കിയ കുറ്റപത്രവുമായാണ് സുധാകരൻ വാർത്താസമ്മേളനത്തിന് എത്തിയത്. ഒരു തോക്ക് പോലും ഇതുവരെ ഉപയോഗിക്കാത്ത താനാണോ മാഫിയയെന്ന് സുധാകരൻ ചോദിച്ചു. വെടിയുണ്ട പിടിച്ചത് പിണറായിയുടെ കൈയിൽ നിന്നല്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
പിണറായിയുടെ അക്രമത്തിൽ പരിക്കേറ്റിരുന്ന കണ്ണൂർ ജില്ലയിലെ മേലൂർ സ്വദേശി കണ്ടോത്ത് ഗോപിയും വാർത്താ സമ്മേളനത്തിൽ ഹാജരായിരുന്നു.