Connect with us

Uncategorized

കടയില്‍ പോകാന്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില് ഒരു മാറ്റവുമില്ലെന്ന് മന്ത്രി

Published

on


തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടയില്‍ പോകാന്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല. സംസ്ഥാനത്ത് രോഗവ്യാപനഭീതി നിലനില്‍ക്കുന്നുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ഇളവുകള്‍ നല്‍കിയത്. ഇളവുകളുടെ ദുരുപയോഗം തടയേണ്ടത് പൊലീസ് ആണെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത്. ജാഗ്രത കൈവിട്ടാല്‍ രോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് മൂന്നാംതരംഗം ഉണ്ടായാല്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകള്‍ നല്‍കേണ്ടതെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും കോണ്‍ഗ്രസ് എംഎല്‍എ കെ ബാബു പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിയന്ത്രണം അശാസ്ത്രീയമാകരുത്. കോവിഡ് ക്രമസമാധാനപ്രശ്‌നമല്ല. പൊലീസല്ല പകര്‍ച്ചവ്യാധി നിയന്ത്രിക്കേണ്ടത്. പെണ്‍കുട്ടികളെ തെറിവിളിക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത് ?. ഈ സര്‍ക്കാര്‍ പെറ്റി സര്‍ക്കാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86 ശതമാനം പേര്‍ക്കും കടയില്‍ പോകണമെങ്കിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണ്. പ്രമുഖരായ വ്യക്തികള്‍ വരെ നിയന്ത്രണത്തെ വിമര്‍ശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading