HEALTH
ജനനതീയതി അടക്കമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

ഡൽഹി: വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് വാക്സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത് നൽകി തുടങ്ങും. വാക്സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ജനനതീയതി കൂടി ഉൾപ്പെടുത്തുന്നതെന്നാണ് വിവരം.
അന്താരാഷ്ട്ര യാത്രികർക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം വാക്സിൻ സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന യുകെയുടെ നിലപാടനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് കോവിൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണുള്ളത്. ഇതിനൊപ്പം വാക്സിൻ സ്വീകരിച്ച ആളുടെ ജനന തീയതി കൂടി ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശ യാത്ര നടത്തേണ്ടവർക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ യാത്ര നടത്തേണ്ടവർക്ക് കോവിൻ പോർട്ടലിൽ ജനന തീയതി കൂടി ചേർത്ത ശേഷം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും വക്താവ് പറഞ്ഞു.