Crime
ആര്യന്‍ ഖാന്‍ അഴിയ്ക്കുള്ളില്‍ തന്നെ. ജാമ്യാപേക്ഷ തള്ളി

മുംബൈ: ലഹരിക്കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അഴിയ്ക്കുള്ളില്‍ തന്നെ. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. 23 കാരനായ ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. ഇത് നാലാമത്തെ തവണയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിക്കുന്നത്.
ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന്‍ ഖാന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അമിത് ദേശായിയാണ് കോടതിയില്‍ ഹാജരായത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍സിബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, പോയ വാരം രണ്ടു ദിവസമായി നടന്ന വാദം കേട്ട ശേഷമായിരുന്നു പ്രത്യേക കോടതി ഇന്നും ജാമ്യം നിഷേധിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യന് ഒപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍സിബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ഇത്തവണ ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.