KERALA
പാർട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് വി.ഡി സതീശൻ

തിരുവന്തപുരം: പാർട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ആറ് മാസങ്ങൾക്ക് മുമ്പുതന്നെ പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശൻ ചോദിച്ചു.
പാർട്ടി നിയമംകൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാർട്ടി നിയമം കൈയിലെടുക്കാൻ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന്റെ മുന്നിൽ ഒരു പാർട്ടി നേതാവിന്റെ മകൾക്ക്, അവൾ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരംനടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്. കുഞ്ഞിന്റെ കാര്യത്തിൽ ദത്തെടുക്കൽ നിയമം എല്ലാം ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തിനൊപ്പമാണെന്നും വി.ഡി സതീശൻ പറഞ്ഞു.ഇവിടെ സ്ത്രീകൾക്കെതിരായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് സർക്കാരും പാർട്ടിയും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അനുപമയുടെ സമരമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.