Connect with us

NATIONAL

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ നിലനിൽപ്പ് അപകടത്തിൽ . ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയേയും 13 എംഎൽഎമാരെയും കാണാനില്ല

Published

on

മുംബൈ:മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കി മന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിൻഡെയേയും അടുപ്പക്കാരായ 13 എംഎൽഎമാരെയും കാണാനില്ല. തിങ്കളാഴ്ച മുതൽ ഷിൻഡെ ഉൾപ്പെടെ 14 ശിവസേനാ എംഎൽഎമാരെ ‘കാണാനില്ലെ’ന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശിവസേനയ്ക്കും മഹാ വികാസ് അഘാഡി സർക്കാരിനും വെല്ലുവിളി ഉയർത്തി ഇവർ ഗുജറാത്തിലെ സൂറത്തിലുള്ള നക്ഷത്രഹോട്ടലിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.

മുതിർന്ന ബിജെപി നേതാക്കളുമായി ബന്ധം പുലർത്തുന്നതായാണ് സൂചന. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഇവർ ചാർട്ടേഡ് ഫ്‌ലൈറ്റിൽ മുംബൈ വിട്ടെന്നാണ് റിപ്പോർട്ട്. താനെയിൽ ശിവസേനയുടെ മുഖമാണ് മുതിർന്ന നേതാവായ ഏക്‌നാഥ് ഷിൻഡെ. ഉദ്ധവ് താക്കറെ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസന മന്ത്രി കൂടിയാണ് ഇദ്ദേഹം. പാർട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിൻഡെയ്ക്ക് പരാതിയുണ്ട്.

ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്. തിരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ വിജയിക്കാൻ മാത്രം അംഗബലമുണ്ടായിരുന്ന ബിജെപി അഞ്ചു സീറ്റുകളിൽ വിജയിച്ചിരുന്നു. ആറു സീറ്റുകളിൽ വിജയിക്കാൻ ശേഷിയുണ്ടായിരുന്ന മഹാ വികാസ് അഘാഡി സഖ്യം ആറാമത്തെ സീറ്റിൽ പരാജയപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഏതാനും ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് 12ന് അടിയന്തര യോഗം വിളിച്ചു.

Continue Reading