Crime
ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജി ചെറിയാന് അധികാരത്തിൽ തുടരാൻ അവകാശമില്ല
തിരുവനന്തപുരം: ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജി ചെറിയാന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം സ്വയം രാജിവെച്ച് പോകണമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മന്ത്രി രാജിക്ക് തയാറായില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ സർക്കാർ തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മന്ത്രിയെ നീക്കിയില്ലെങ്കിൽ പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സജി ചെറിയാന്റെ പ്രസ്താവനയോട് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണം. മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ കേരളത്തെ അറിയിക്കണം.
പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ബാലകൃഷ്ണപിള്ളയ്ക്ക് ഇരിക്കാൻ സാധിക്കാത്ത കസേരയിൽ സജി ചെറിയാൻ ഇരിക്കുന്നതെങ്ങനെയാണ്. മന്ത്രിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തെന്ന് കെപിസിസി അധ്യക്ഷൻ ചോദിച്ചു. സിപിഎമ്മിലെ ബുദ്ധിയുള്ള നേതാക്കൾ മന്ത്രിയെ തിരുത്തണമെന്നും സുധാകരൻ പറഞ്ഞു.
